Friday, January 3, 2020

പ്രകൃതിയും സ്വവർഗാനുരാഗവും


ഗേ ആളുകളോട് ഉള്ള (ഇസ്‌ലാമിക് ക്രിസ്ത്യൻ മതനിയമങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള) വെറുപ്പ് ന്റെ പശ്‌ചാത്തലത്തിൽ 'പ്രകൃതി'യെപ്പറ്റി ചർച്ച ചെയ്യുമ്പോൾ ഏറ്റവും ആദ്യം മനസിലാക്കേണ്ട അടിസ്ഥാന വിഷയങ്ങളിൽ ഒന്ന് സെക്ഷ്വൽ ഓറിയെന്റേഷൻ (ലൈംഗികാഭിമുഖ്യം) പിന്നെ ലിംഗാവസ്ഥ അഥവാ ജെൻഡർ എന്നിവയാണ്.

(മതം പറയുന്നതല്ലാത്ത ഒന്നും ഞാൻ വിശ്വസിക്കില്ല എന്നതാണ് നിങ്ങളുടെ മനോഭാവം എന്നുണ്ടെങ്കിൽ തുടർന്ന് വായിക്കേണ്ടതില്ല)

എന്താണ് പ്രകൃതി എന്നും എന്തൊക്കെയാണ് പ്രകൃതിയിലെ വൈവിധ്യങ്ങൾ എന്നും തുടങ്ങിയ കാര്യങ്ങളിൽ അറിവില്ലാത്തതുകൊണ്ടാണ് പ്രകൃതിവിരുദ്ധം എന്ന പ്രയോഗം ഈ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ സ്ഥിരമായി ഉന്നയിക്കപെടുന്നത്.  പ്രകൃതിയെപ്പറ്റിയും അതിലെ വൈവിധ്യങ്ങളെപ്പറ്റിയും അറിയില്ല എന്നതിന്റെ അർത്ഥം അതൊന്നും നിലനിൽക്കുന്നില്ല എന്നല്ല, നിങ്ങൾക്ക് അറിയില്ല എന്ന് മാത്രമാണ്.

ആധുനികവൈദ്യശാസ്ത്ര പ്രകാരം സ്വവർഗാനുരാഗം (homosexuality) എന്നത് എതിർവർഗാഭിമുഖ്യം (heterosexuality) ദ്വിലിംഗാഭിമുഖ്യം (bisexuality) സർവലിംഗാഭിമുഖ്യം (pansexual) എന്നിവ പോലെയുള്ള ഒരു ലൈംഗിക ആഭിമുഖ്യം അഥവാ സെക്ഷ്വൽ ഓറിയെന്റേഷൻ ആണ്.

എതിർവർഗാഭിമുഖ്യം എന്നുവെച്ചാൽ ആണിന് പെണ്ണിനോടും തിരിച്ചും ഉള്ള ആകർഷണം, ദ്വിലിംഗാഭിമുഖ്യം എന്നാൽ രണ്ട് ലിംഗത്തിൽ പെട്ടവരോടും ആകർഷണം തോന്നുന്നവർ. പാൻസെക്ഷ്വൽ എന്നാൽ ആണ്, പെണ്ണ്, ട്രാൻസ്ജെന്റർ, ഇന്റർസെക്‌സ്, ജെന്റർഫ്ലൂയിഡ് എന്നിങ്ങനെയുള്ള എല്ലാ ലിംഗാവസ്ഥകളിലും പെട്ടവരോട് ആകർഷണം തോന്നുന്ന ആളുകൾ. (ഇതൊക്കെ എന്താണ് എന്നത് വിശദമായി അറിയാൻ ഗൂഗിളിൽ തിരഞ്ഞു നോക്കുക)

ഇവയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് പരിചയമുള്ളത് എതിർലിംഗാഭിമുഖ്യം ആണ്.  ബാക്കിയുള്ളവയെപ്പറ്റി ബോധ്യമില്ല എന്നതുകൊണ്ട് അവയൊന്നും നിലവിലില്ല എന്നോ എനിയ്ക്ക് അറിയാത്തതൊക്കെ പ്രകൃതിയ്ക്ക് നിരക്കാത്തതാണ് എന്നോ രോഗമാണ് എന്നോ വൈകല്യമാണ് എന്നോ പറയാൻ പറ്റില്ല.  നിങ്ങൾക്ക് ശരിയാണ് എന്ന് 'തോന്നുന്നവ' മാത്രമാണ് ശരി എന്നും ആകുന്നില്ല, നിങ്ങളുടെ മതപുസ്തകത്തിൽ പറഞ്ഞതാണ് ശരി എന്നും ആകുന്നില്ല.

പ്രകൃതിയിൽ ഹോമോസെക്ഷ്വൽ ആയ ഒരു ജീവിയും ഇല്ല എന്നതാണ് ഞങ്ങളെപ്പറ്റി പറഞ്ഞു തുടങ്ങുമ്പോൾ ആദ്യമേ അവതരിപ്പിക്കുന്ന ഒരു നുണ. അത് അറിവില്ലായ്മയും വിഡ്ഢിത്തരവുമാണ്, ദേ ഇതിലെ ഓരോ വീഡിയോയും നോക്കുക https://m.youtube.com/playlist?list=PLkabqKbOJMGdOZbB3CsQxUzeJw7b-A7zh  മനുഷ്യർ അടക്കം 1500ലേറെ സ്പീഷീസുകളിൽ നിലനിൽക്കുന്നതായി ശാസ്ത്രം നിരീക്ഷിച്ച ഒരു സവിശേഷതയാണ് സ്വവർഗാനുരാഗം.

ഹോമോസെക്ഷ്വൽ ആയ ജീവികൾ സ്വന്തം ലിംഗത്തിൽ പെട്ട ജീവികളുടെ കൂട്ടാണ് ഇഷ്ടപ്പെടുന്നത്. അവർക്ക് തുണയായി പ്രകൃതി അവരെപ്പോലെ ഉള്ളവരെ സൃഷ്‌ടിച്ചിട്ടുണ്ട്.  ഇതേ പോലെ എതിർലിംഗ താല്പര്യം ഉള്ളവർക്കും ബൈസെക്ഷ്വൽ ആയവർക്കും അവരവർക്കൊത്ത പങ്കാളികളെ പ്രകൃതി സൃഷ്‌ടിച്ചിട്ടുണ്ട്

ഗേ ആണിന് ഗേ (അല്ലെങ്കിൽ ബൈസെക്ഷ്വൽ ആയ) ആണിനേയും, ഹെറ്ററോസെക്ഷ്വൽ ആണിന് അതിനൊത്ത പെണ്ണിനെയും, ലെസ്ബിയൻ പെണ്ണിന് അതിനൊത്ത പെണ്ണിനേയും, ബൈ സെക്ഷ്വൽ പെണ്ണിന് അതിനൊത്ത ആണിനെ അഥവാ പെണ്ണിനേയും പ്രകൃതി സൃഷ്‌ടിച്ചിട്ടുണ്ട്.  ട്രാൻസ് ആളുകൾക്കും അവർക്കൊത്ത ഇണകളെ പ്രകൃതി സൃഷ്ടിച്ചിട്ടുണ്ട്. അതായത് പ്രകൃതി പൂർണമാണ്, ചേരേണ്ടത് തമ്മിൽ ചേരുന്നതിനെ തടയുന്ന രീതിയിൽ ഉള്ള 'പ്രകൃതി വിരുദ്ധ' വാദികളാണ് പ്രായോഗിക തലത്തിലെ 'യഥാർത്ഥ പ്രകൃതി വിരുദ്ധർ'

പ്രകൃതി മനുഷ്യനെ ആണും പെണ്ണുമായി സൃഷ്‌ടിച്ചു എന്ന് പറയുന്നത് ട്രാൻസ്ജെന്റർ, ഇന്റർസെക്ഷ്വൽ, ജെന്റർഫ്ലൂയിഡ് എന്നിങ്ങനെയുള്ള വിവിധ ആണ്-പെണ്ണ് ഇതര (നോൺ ബൈനറി) ലിംഗ വൈവിധ്യങ്ങളെപ്പറ്റി അറിയാത്തത്കൊണ്ടാണ്.  

ആണും പെണ്ണും എന്ന ബൈനറി മാത്രമേ ഞാൻ വിശ്വസിക്കൂ എന്ന് പറയുന്നവർ നിഷേധിക്കുന്നത് പ്രകൃതിയുടെ സ്വാഭാവികതയെ തന്നെയാണ്.

പ്രകൃതിവിരുദ്ധ വിവാഹം എന്ന വാദക്കാരോട്:  നിങ്ങളുടെ 'പ്രകൃതിവിരുദ്ധത' ലോജിക് വെച്ച് തന്നെ ചിന്തിച്ചു നോക്കിയാൽ വിവാഹമെന്ന ഏർപ്പാട് തന്നെ പ്രകൃതിവിരുദ്ധമാണ്.  പ്രകൃതിയിൽ ഏതെങ്കിലും ജീവി വിവാഹം ചെയ്ത് ഭാര്യയെ ഭരിച്ചു ജീവിതം നയിക്കുന്നുണ്ടോ?

പ്രകൃതിയല്ല മനുഷ്യരാണ് വിവാഹം എന്ന സ്ഥാപനം ഉണ്ടാക്കിയത്.
ഗേ ആളുകൾ എല്ലാവരെയും ഗേ ആകാൻ പ്രേരിപ്പിക്കുന്നു എന്നതും ബോധപൂർവം യാഥാസ്ഥിതികർ പറഞ്ഞു പരത്തുന്ന നുണയാണ്.  ഓരോ മനുഷ്യനും സ്വന്തം സ്വത്വത്തെ ഉൾക്കൊണ്ട് തൃപ്തിയായി ജീവിക്കാൻ കഴിയണം (be who you are) എന്നുള്ളതാണ് ഞങ്ങൾ മുന്നോട്ടു വെക്കുന്ന ആശയം.  അതിന്റെ അർത്ഥം ഒരിക്കലും അതല്ല.

ഗേ ആളുകൾ സമൂഹത്തെ തകർക്കുന്നു എന്നതും സ്ഥിരമായി മതവാദികൾ ആവർത്തിക്കുന്ന നുണ ബോംബാണ്. ഗേ ആളുകൾ മുന്നോട്ടു വെക്കുന്ന ആശയം സ്നേഹവും സമത്വവുമാണ്, അത് സമൂഹത്തെ കൂടുതൽ ചേർത്തു നിർത്തുകയേ ഉള്ളൂ. 
ആണ് പെണ്ണ് എന്ന് വേർതിരിച്ചു വെച്ചുകൊണ്ടും സ്ത്രീകളെ രണ്ടാം തരക്കാരാക്കിക്കൊണ്ടും ഉള്ള സാമൂഹ്യക്രമത്തെ ഞങ്ങൾ തള്ളിക്കളയുന്നുണ്ട് എന്നതാണ് സ്ത്രീ വിരുദ്ധത മുഖംമുദ്രയാക്കിയ മതവാദകരുടെ പ്രധാന ആശങ്ക.  പുരുഷാധിപത്യബോധം തകരേണ്ടത് തന്നെയാണ്, ലിംഗഭേദമന്യേ ലോകം എല്ലാവർക്കുമുള്ളതാണ്.  ആ രീതിയിൽ ലോകത്തെ പുനർ നിര്വചിക്കുക എന്നതാണ് ഞങ്ങൾ ചെയ്യുന്നത്.  സ്ത്രീവിരുദ്ധവും ക്വീർ വിരുദ്ധവും ആയ ലോകക്രമം മാറ്റപ്പെടേണ്ടത് തന്നെയാണ്.  ആവർത്തിച്ചു പറയട്ടെ, ലോകം എല്ലാവർക്കുമുള്ളതാണ്.

Thursday, September 24, 2015

ഒറ്റയ്ക്ക് നടക്കുന്നവന്‍റെ വട്ടുകവിത അഥവാ വട്ടുകഥ

ഇത് വഴിയല്ല
ഇതുവരെ ഇതിലെ ആരും
നടന്നു പോയിട്ടുമില്ല
അതേ
പിന്നെ എങ്ങനെയാണ് വഴിയുണ്ടാവുക
ഒരാള്‍ നടന്നു
അനുഗമിച്ച് ഇനിയുമൊരാള്‍
അങ്ങനെ വഴി ജനിയ്ക്കുന്നു

വഴി വെട്ടുന്നവര്‍
ദൂരം തികച്ചു കാണണമേന്നില്ല
മടങ്ങിയിട്ടുണ്ടാവണമെന്നില്ല
അനുഗമിക്കപ്പെട്ടിട്ടുണ്ടാവണമെന്നില്ല
പക്ഷേ അയാള്‍ നടന്നതും
വഴിയാണ്
ഒരിക്കല്‍ മാത്രം
ഒരാള്‍ മാത്രം
ഒരു വഴി
ഒരേയൊരു യാത്രികന്‍

യെസ്
ഇത് വഴിയാണ്
എന്‍റെ മാത്രം
എനിയ്ക്ക് മാത്രം
ഞാന്‍ മാത്രം
ഇതെന്‍റെ സന്തോഷമാണ്
സങ്കടമാണ്
പ്രതിസന്ധിയും
പരാക്രമവുമാണ്

നാളെയൊരാള്‍ നടന്നേയ്ക്കാം
എന്‍റെ കാലില്‍ കൊണ്ട മുള്ളുകള്‍
ചോരയോഴുക്കിച്ച വഴിയിലൂടെ

അറിയാമോ
നടക്കാന്‍ വേണ്ടി നടക്കുന്നവനും
എത്താന്‍ വേണ്ടി നടക്കുന്നവനും
ഒരേ വഴികളാണ്
എന്നാല്‍ വ്യത്യസ്ത വഴികളാണ്

എത്താന്‍ വേണ്ടി നടക്കുന്നവന്
നേരവും കാലവുമുണ്ട്
വിശപ്പും ദാഹവുമുണ്ട്
ദിശയും ദൂരവുമുണ്ട്
നടക്കാന്‍ വേണ്ടി നടക്കുന്നവനോ
അവന് അവന്‍ മാത്രമേയുള്ളൂ
ചിലപ്പോള്‍ അതുമില്ല
എന്താണ് ഉള്ളത് എന്ന് ചോദിച്ചാല്‍
ഉത്തരമില്ലാത്ത ബ്ലാങ്ക് മൈന്‍ഡ് മാത്രം
അവന്‍റെ മുഖഭാവം ഊഹിയ്ക്കാന്‍ കഴിയുന്നുണ്ടോ
പ്രതീക്ഷയില്ലാത്തവന്‍, ആശയില്ലാത്തവന്‍
അയാള്‍ സന്യാസിയെപ്പോളിരിയ്ക്കുമോ
ചാന്‍സില്ല, സന്യാസിയ്ക്ക്
കെട്ടുപാടുകളും നിഷ്ഠകളുമുണ്ട്
ലക്ഷ്യങ്ങളും കണക്കുകളുമുണ്ട്
എല്ലാറ്റിലും ഉപരിയായി ഒരു ദൈവമുണ്ട്!
നടക്കാന്‍ വേണ്ടി നടക്കുന്നവനോ

മനസിലായോ
നടക്കാന്‍ വേണ്ടി നടക്കുന്നവനെപ്പോലെ
രസികന്‍
അവന്‍റെ നിഴല്‍ മാത്രമേ കാണൂ
കാറ്റ് പോലെ വെയില് പോലെ
മഞ്ഞും മഴയും പോലെ
എന്തിനു വേണ്ടി സംഭവിക്കുന്നു എന്ന് ചോദിച്ചാല്‍
സംഭവിക്കുന്നു, അത്ര മാത്രം

Saturday, April 4, 2015

അഭിമാനവും അന്തസ്സും ആരുടേയും കുത്തകയല്ല

സന്ദീപിനെയും കാര്‍ത്തികിനെയും പോലെ ആയിരക്കണക്കിന് ഗേ യുവാക്കള്‍ മലയാളികളുടെ സമൂഹത്തിലും ഉണ്ട്. അവര്‍ക്കെല്ലാം ഇന്നല്ലെങ്കില്‍ നാളെ ഇതുപോലെ ഇഷ്ടപ്പെട്ടവന്‍റെ കൂടെ ഒളിച്ചും പേടിച്ചും അല്ലാതെ ജീവിയ്ക്കാം എന്ന പ്രതീക്ഷ നല്‍കിക്കൊണ്ടാണ് ഈ വാര്‍ത്ത പുറത്ത് വന്നിരിയ്ക്കുന്നത്. അവരെ തടയാനോ അവരുടെ പ്രതീക്ഷകളുടെ മേല്‍ കരിനിഴല്‍ പരത്താനോ ഈ തെറിവിളികളോ ഭീഷണികളോ ഒന്നും മതിയാകില്ല.. കാരണം ഇഷ്ടപ്പെട്ടവന്റെ കൂടെ ജീവിയ്ക്കണം എന്ന ഒരെയോരാവശ്യം മാത്രമേ അവര്‍ മുന്നോട്ടു വെയ്ക്കുന്നുള്ളൂ. അത് തെറ്റല്ല എന്നും പക്ഷേ നിയമനിര്‍മാണ സഭ മുന്‍കൈ എടുത്ത് ഭരണഘടനാ ഭേദഗതി വരുത്താതെ കോടതിയ്ക്ക് കൂടുതലായി ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി ഈ കാര്യത്തില്‍ നിരീക്ഷണം നടത്തിയിട്ടുള്ളതുമാണ്. അതുകൊണ്ട് തെറി വിളി ആര്‍മിക്കാര്‍ കഷ്ടപ്പെട്ടാലും അണ്ണാക്കിലെ വെള്ളം വറ്റുന്നതല്ലാതെ വലിയ മെച്ചം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല.

ഇത് കാലിഫോര്‍ണിയയില്‍ നിന്നാണെങ്കില്‍ കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയില്‍ നിന്നായിരുന്നു ശുഭവാര്‍ത്ത. മലയാളിയായ ഗോവിന്ദ് സുഹൃത്തായ അഡ്രിയാനെ വിവാഹം ചെയ്ത വാര്‍ത്ത പുറത്ത് വന്നപ്പോള്‍ ഞങ്ങള്‍ കേരളത്തില്‍ വേരുകളുള്ള ഗേയ്സിന്‍റെ സൗഹാര്‍ദ കൂട്ടായ്മകളില്‍ സന്തോഷം കവിഞ്ഞ് നിറയുകയായിരുന്നു. ഇതും കൂടി ആയപ്പോള്‍ ഞങ്ങള്‍ തികഞ്ഞ പ്രതീക്ഷയിലാണ്. ഇനി ഇതൊന്നുമല്ലാതെയും ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെട്ട നിരവധി സ്വവര്‍ഗ വിവാഹ വാര്‍ത്തകള്‍ ഈ വര്‍ഷം തന്നെ പുറത്ത് വന്നിട്ടുണ്ട്. കാലിഫോര്‍ണിയയ്ക്ക് പകരം നാളെ കാലിക്കറ്റും ആറ്റിങ്ങലും കാഞ്ഞിരപ്പള്ളിയും ഒക്കെ വാര്‍ത്തയില്‍ വരും.. കാത്തിരിയ്ക്കൂ..

ഇവിടത്തെ സാമൂഹിക അന്തരീക്ഷം മെല്ലെമെല്ലെ മാറുന്നതിന്‍റെ സൂചനകള്‍ നല്‍കിക്കൊണ്ടാണ് ആയിരക്കണക്കിന് യുവജനങ്ങളുടെ പരസ്യമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ എല്‍ജിബിടി പ്രൈഡ് മാര്‍ച്ചുകള്‍ ഇന്ത്യയില്‍ വ്യപകമായി നടന്നത്. കേരളത്തില്‍ കൊച്ചിയാണ് പ്രൈഡ് മാര്‍ച്ചിനു വേദിയായത്. മുഖപടങ്ങള്‍ വലിച്ചെറിഞ്ഞു കൊണ്ട്, ഞങ്ങളും ഇവിടെ ജീവിയ്ക്കുന്നുണ്ട്, ഇനിയും ഇവിടെത്തന്നെ ഉറച്ചു നില്‍ക്കും എന്ന് പ്രഖ്യാപിച്ചു കൊണ്ട് പ്രൈഡ് മാര്‍ച്ചുകളില്‍ പങ്കെടുക്കുന്ന യുവാക്കളെ അവഗണിയ്ക്കാന്‍ സമൂഹത്തിനു സാധ്യമല്ല. അവരുടെ ശബ്ദം പരിഗണിക്കപ്പെടും. പരിഗണിച്ചേ തീരൂ.. പരിഹാസം കൊണ്ടും ഭീഷണി കൊണ്ടും ഒന്നും അവരെ ഒതുക്കിത്തീര്‍ത്ത് തങ്ങളുടെ വരുതിയ്ക്ക് നിര്‍ത്താം എന്ന് ഏതെങ്കിലും ഒരാള്‍ വ്യാമോഹിയ്ക്കുന്നുണ്ടെങ്കില്‍ അത് വെറുതെയാണ്, മാറ്റത്തിനു പുറം തിരിഞ്ഞു നില്‍ക്കാന്‍ ഈ സമൂഹത്തിനു സാധിയ്ക്കില്ല.
സെക്ഷന്‍ 377 എന്ന വിക്ടോറിയന്‍ കാടന്‍ വകുപ്പിന്‍റെ ബലത്തിലാണ് ഇന്ന് ഈ കാണുന്ന സ്വവര്‍ഗസ്നേഹവിരുദ്ധവെറി മുഴുവന്‍ ഇവിടെ കാര്‍ക്കിച്ചു തുപ്പി വെയ്ക്കാന്‍ അണപൈ വിവരമില്ലാത്ത കുറേ ആളുകള്‍ക്ക് സാധിച്ചത്. മനുഷ്യത്വവിരുദ്ധമായ, അവകാശങ്ങളെ ഹനിയ്ക്കുന്ന, ഒരു നിയമവും ഭരണഘടനയില്‍ നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തിന് അധികകാലം മുന്നോട്ടു പോകാന്‍ കഴിയില്ല. അന്തര്‍ദേശീയ തലത്തിലും സ്വവര്‍ഗസ്നേഹികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വലിയ രീതിയിലുള്ള മുന്നേറ്റങ്ങള്‍ നടക്കുന്നുണ്ട്. അവയില്‍ നിന്നൊക്കെ ഉള്‍ക്കൊള്ളുന്ന ഊര്‍ജം കൊണ്ട് തന്നെ ഞങ്ങള്‍ ഇവിടെ നെഞ്ചുവിരിച്ച് അഭിമാനിച്ച് തന്നെ ജീവിയ്ക്കും.

Saturday, March 28, 2015

എഫ്ബി റിവ്യൂ

നമ്മുടെ നിയമത്തിനും കണ്ണും ഇല്ല മൂക്കും ഇല്ല, പലപ്പോഴും തലച്ചോറും തഥാസ്തു..

ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പില്‍ ഹോമോ സെക്ഷ്വാലിറ്റിയെപ്പറ്റി നടക്കുന്ന അസംബന്ധ ചര്‍ച്ചകള്‍ കണ്ടു കണ്ണ്‍ തള്ളിയിരിയ്ക്കുന്നതിന്‍റെ ഇടയ്ക്കാണ് മാരിറ്റല്‍ റെയ്പ്, മെയ്ല്‍ റെയ്പ് എന്നിവയെപ്പറ്റി ഓര്‍ക്കാനിടയായത്. (ഒരുപക്ഷേ ഈ വക സങ്കല്‍പം പോലും പലര്‍ക്കും പുതുമയായിരിയ്ക്കും എന്നത് കൊണ്ടും കൂടി ഈ പറയുന്നത് എന്ത് രീതിയിലായിരിയ്ക്കും മനസിലാക്കപ്പെടുക എന്ന് എനിയ്ക്ക് നല്ല നിശ്ചയമില്ല, എങ്കിലും പറയട്ടെ) ഇന്നിപ്പോള്‍ ട്രിബ്യൂണില്‍ വന്ന വാര്‍ത്തയും കൂടി കണ്ടപ്പോള്‍ ഇങ്ങനെയൊരു വിചാരം പങ്കു വെയ്ക്കേണ്ടതാണ് എന്നത് ഉറപ്പാക്കേണ്ടതായി വന്നു. ഇരുപതുകാരനായ ഇന്ത്യന്‍ പൌരനെ പാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി റെയ്പ് ചെയ്തു എന്ന കുറ്റത്തിന് രണ്ടു പാക്കിസ്ഥാന്‍ പൌരന്മാരെ ദുബായ് കോടതി ശിക്ഷിച്ചിരിയ്ക്കുന്നു എന്നാണ് വാര്‍ത്ത, (വാര്‍ത്തയിലെ ശരി തെറ്റുകളും വസ്തുതകളും വാദി-പ്രതി വിചാരവും അവിടെ നില്‍ക്കട്ടെ) പുരുഷന്‍ പുരുഷനാല്‍ ബലാല്‍സംഗം ചെയ്യപ്പെടുക എന്നത് എന്തുകൊണ്ട് നമ്മുടെ നിയമപുസ്തകത്തിന് ഇന്നും അന്യമായ ഒരു സങ്കല്‍പമായി തുടരുന്നു എന്ന ചോദ്യം ഇന്ന് കൂടുതല്‍ പ്രസക്തമാണ് എന്ന് തന്നെ ഞാന്‍ കരുതുന്നു. പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും അതേ പോലെ തന്നെ ലോക്കപ്പ് ജയില്‍ എന്നിവ പോലുള്ള ഇടങ്ങളിലും വ്യാപകമായി ഈ വിധത്തില്‍ മെയ്ല്‍ റെയ്പ് നടക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോഴും അതിനെപ്പറ്റി ഉല്‍ക്കണ്‍ഠപ്പെടാനോ അതിനെപ്പറ്റി ആലോചിയ്ക്കാനോ പോലും നമ്മുടെ ചിന്താഗതി തയാറാകുന്നില്ല എന്നതും ദുരന്തമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്? ഈ അക്രമം ഒരു വ്യക്തിയുടെ മനസ്സിലും ശരീരത്തിലും ഏല്‍പ്പിയ്ക്കുന്ന ആഘാതത്തെപ്പറ്റിയും അയാളുടെ പില്‍ക്കാല ജീവിതത്തില്‍ അത് ഉളവാക്കിയെക്കാവുന്ന ഫലങ്ങളെപ്പറ്റിയും നമ്മള്‍ എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ല.. ഈ വിഷയത്തില്‍ കേസുകള്‍ റെജിസ്റ്റര്‍ ചെയ്യപ്പെടുകയോ അനുകൂലമായ വിധി (ബന്ധപ്പെട്ട വിഷയത്തില്‍ നിയമ നിര്‍മാണം ഉണ്ടാകാത്ത പക്ഷം ) വരുകയോ ഒക്കെ അസാധ്യമായിത്തീരുന്ന വിധത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുന്നത്. നിയമം ഇല്ലാത്തതിന്‍റെ അഭാവം കൊണ്ട് തന്നെയാണ് (റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ) അക്രമങ്ങള്‍ കൂടുന്നതും.

(ഇത് ഹോമോ സെക്ഷ്വാലിറ്റിയുമായി കൂട്ടിക്കെട്ടുന്നതിനെപ്പറ്റി തീര്ച്ചയായും ഇപ്പോള്‍ ഒത്തിരിപ്പേര്‍ ചിന്തിച്ചു കാണും എന്ന കാര്യം എനിയ്ക്ക് ഉറപ്പുണ്ട്, പക്ഷേ പരസ്പര സമ്മതമില്ലാത്ത ലൈംഗികതയ്ക്ക് സ്വവര്‍ഗ ലൈംഗികതയുടെ കാര്യത്തിലായാലും ഹെറ്ററോസെക്ഷ്വാലിറ്റിയുടെ കാര്യത്തിലായാലും വ്യക്തിയുടെ നേര്‍ക്കുള്ള അക്രമത്തിന്‍റെ കൂട്ടത്തില്‍ തന്നെയാണ് പെടുത്തേണ്ടത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്), രണ്ടിലായാലും വ്യക്തിയ്ക്ക് ഏല്‍ക്കുന്ന ശാരീരികവും മാനസികവുമായ ആഘാതം താരതമ്യം ചെയ്യേണ്ട കാര്യമൊന്നുമില്ല, അവ വ്യത്യസ്തമല്ല, ഒന്ന് തന്നെയാണ് എന്നുമാണ് എനിയ്ക്ക് മനസിലാക്കാന്‍ കഴിയുന്നത്. സ്ത്രീകളുടെ കാര്യത്തില്‍ ചാരിത്ര്യം അഥവാ പാതിവ്രത്യം എന്നിങ്ങനെയുള്ള സങ്കല്‍പങ്ങളും (ഹോമോസെക്ഷ്വല്‍) പുരുഷന്‍റെ കാര്യത്തിലാണെങ്കില്‍ സാമൂഹികമായ ഒറ്റപ്പെടുത്തലും ആണ് ഇതില്‍ മാനസികമായ തകര്‍ച്ചയുടെ ആഘാതം കൂട്ടുന്ന ഘടകം. ഈ രണ്ടു കാര്യങ്ങളിലും സമൂഹത്തില്‍ വ്യാപകമായ ചര്‍ച്ചകള്‍ നടക്കുകയും ഈ രണ്ടു കാര്യങ്ങളും ശുദ്ധവിഡ്ഢിത്തമാണ് എന്ന കാര്യം ബോധ്യപ്പെടുത്തപ്പെടുകയും ചെയ്‌താല്‍ മാത്രമേ ചെയ്‌താല്‍ മാത്രമേ ഇതിനൊരു പരിഹാരം ഉണ്ടാകുകയുള്ളൂ. നിയമപുസ്തകത്തിനു സമൂഹത്തിന്‍റെ മേലെ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തിന് ഒരു പരിധിയുണ്ട്, അതിനുമപ്പുറം സമൂഹം സ്വയം പക്വത ആര്ജിയ്ക്കുക തന്നെ ചെയ്യണം.

ഇതേ കണക്കിന് തന്നെ നോക്കുമ്പോള്‍ വൈവാഹിക ബലാല്‍സംഗവും (marital rape) നമ്മുടെ നിയമപുസ്തകത്തിനു തീര്‍ത്തും അന്യമാണ്. ഭാര്യയെ ഭര്‍ത്താവ് നിര്‍ബന്ധിത/consensual അല്ലാതെ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിയ്ക്കുന്നത് നിയമപരമായി ഒരു പ്രശ്നവും അയാള്‍ക്ക് ഉണ്ടാക്കില്ല എന്നത് ഓള്‍റെഡി സ്ത്രീകള്‍ ദുര്‍ബലരാക്കപ്പെട്ട ഒരു സമൂഹത്തില്‍ എത്ര വലിയ വിപരീത ഫലമാണ് ഉണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നത് എന്നതിനെപ്പറ്റി നീതിപീഠമോ നിയമ നിര്‍മാണ സഭകളോ ചിന്തിയ്ക്കുന്നേയില്ല എന്നത് കഷ്ടമാണ്.

പറഞ്ഞു തുടങ്ങിയ വിഷയം മുഴുമിച്ചില്ല, ഈ പറഞ്ഞവ രണ്ടിനെക്കാളും മുന്നേ പരിഗണിയ്ക്കേണ്ട വിഷയം തീര്‍ച്ചയായും സ്വവര്‍ഗപ്രണയത്തിനു നിയമ സാധുത കൊടുക്കുക എന്നതാണ്. നിയമപുസ്തകത്തിലെ കാലഹരണപ്പെട്ട താളുകള്‍ തീര്‍ച്ചയായും കീറിയെരിയുക തന്നെ ചെയ്യപ്പെടണം. സമൂഹത്തിന്റെ വിവിധ കോണുകളില്‍ ഭയന്നും പേടിച്ചും ജീവിയ്ക്കുന്ന വിവിധ ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്ന പൌരന്മാരുടെ അന്തസ്സിനും അഭിമാനത്തിനും മറ്റെല്ലാ പൌരന്മാര്‍ക്കും എന്നത് പോലെ തന്നെ ഉറപ്പു കൊടുക്കാന്‍ ഒരു ജനാധിപത്യ രാജ്യം ബാധ്യസ്ഥമാണ്. അതുകൊണ്ട് തന്നെ ഈ മൂന്ന്‍ വിഷയത്തിലും ഇനിയും കണ്ണടച്ചു കൊണ്ട് നമ്മളെപ്പോലെ ഒരു വലിയ ജനാധിപത്യ വ്യവസ്ഥ മുന്നോട്ടു പോകുന്നത് തീര്ച്ചയായും നാണക്കേട്‌ തന്നെയാണ്. സമൂഹത്തിന്‍റെ പൊതുവിലുള്ള ചിന്താഗതിയ്ക്ക് കാര്യമായ ചികിത്സ വേണ്ടതുണ്ട് എന്നത് തന്നെയാണ് ഇക്കാര്യത്തിലുള സാമൂഹിക അന്ധത സൂചിപ്പിയ്ക്കുന്നത്.

Thursday, February 12, 2015

നേപ്പാള്‍ സ്വവര്‍ഗവിവാഹങ്ങള്‍ നിയമവിധേയമാക്കാന്‍ ‍സാധ്യത തെളിയുന്നു

സാഹചര്യങ്ങള്‍ അനുകൂലമായാല്‍ സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യം എന്ന പദവി നേപ്പാളിന്‍റെ കയ്യെത്തും ദൂരത്ത്!! സ്വവര്‍ഗ വിവാഹത്തിന്റെ സാധ്യതകളെപ്പറ്റി പഠിയ്ക്കാന്‍ 2010ല്‍ നിയോഗിയ്ക്കപ്പെട്ട വിദഗ്ധ സംഘം അവരുടെ പഠന റിപ്പോര്ട്ട് ചീഫ് സെക്രട്ടറിയ്ക്ക് മുന്നില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച സമര്‍പ്പിച്ചു. നേപ്പാള്‍ സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകളില്‍ ഒന്ന് നിലവിലുള്ള വിവാഹ നിയമം സ്വവര്‍ഗ വിവാഹങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലീകരിയ്ക്കണം എന്നാണ്. സ്വവര്‍ഗപ്രണയികളായ ദമ്പതിമാര്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും മറ്റ് പൌരന്മാരെപ്പോലെ തന്നെ സുരക്ഷിതത്വം ഉറപ്പ് നല്‍കപ്പെടണം എന്നുമുള്ള നിര്‍ദേശവും ഈ കമ്മിറ്റി മുന്നോട്ടു വെച്ചിട്ടുണ്ട്.

തുല്യ പദവി ഉറപ്പ് വരുത്തണമെന്നത് കൂടാതെ പ്രകൃതി വിരുദ്ധം എന്ന പേരില്‍ കുറ്റം ചുമത്തപ്പെടുന്ന സാഹചര്യവും അധികാരകേന്ദ്രങ്ങളില്‍ നിന്ന് വിവേചനപൂര്‍ണമായ നടപടികള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യാന്‍  വേണ്ടി സിവില്‍, ക്രിമിനല്‍ നിയമങ്ങളില്‍ മാറ്റം കൊണ്ടുവരണം എന്നും കമ്മറ്റി നിര്‍ദേശിയ്ക്കുന്നു.

നേപ്പാളിലെ ആദ്യത്തെ (openly gay) പാര്‍ലമെന്റ്റ് അംഗവും ലൈംഗിക ന്യൂനപക്ഷ അവകാശ സമരങ്ങളുടെ മുന്‍ നിര നേതാവും ആയ സുനില്‍ ബാബു പാന്ത് ഈ വാര്‍ത്തയില്‍ വളരെ സന്തുഷ്ടനാണ്. തുല്യതയും നീതിയും ഉറപ്പ് വരുത്തുന്ന ഈ റിപ്പോര്‍ട്ട് തികച്ചും ആഹ്ലാദിപ്പിയ്ക്കുന്നതാണ് എന്ന് അദ്ദേഹം പ്രതികരിച്ചു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സ്ഥാപിയ്ക്കപ്പെട്ട നേപ്പാളിലെ ആദ്യ സര്‍ക്കാര്‍ ഇതര സംഘടനയായ ബ്ലൂ ഡയമണ്ട് സൊസൈറ്റിയുടെ സ്ഥാപകനും കൂടിയായ അദ്ദേഹം തന്‍റെ സന്തോഷം ഒട്ടും മറച്ചു വെക്കുന്നില്ല. ഈ നിര്‍ദേശങ്ങള്‍ നിയമ്മാകുന്ന പക്ഷം ലൈംഗിക ന്യൂനപക്ഷവിഭാഗത്തില്‍ പെടുന്ന പൌരന്മാര്‍ അവരുടെ താല്പര്യത്തിനു വിരുദ്ധമായി വിരുദ്ധ ലിംഗത്തില്‍ പെടുന്നവരുമായി ബലമായി വിവാഹം ചെയ്യിക്കപ്പെടുന്ന അവസ്ഥ മാറുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് തുല്യ അവകാശം ഉറപ്പ് വരുത്തണം എന്ന 2007ലെ ‍ നേപ്പാളിലെ പരമോന്നത കോടതിയുടെ വിധി നാളിതുവരെയായിട്ടും പാലിക്കപ്പെട്ടിരുന്നില്ല.

നേപ്പാളില്‍ നിലവില്‍ പൌരന്മാര്‍ക്ക് പാസ്പോര്‍ട്ട്, പൌരത്വ സംബന്ധമായ മറ്റ് രേഖകള്‍, വോട്ടര്‍ ഐഡന്ടിന്റി കാര്‍ഡുകള്‍ എന്നിവയില്‍  'ഇത്തരലിംഗം' എന്ന് ചേര്‍ക്കാന്‍ കഴിയുമെങ്കിലും ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും  അനിഷ്ടവും മൂലം ഇവര്‍ക്ക് പ്രശ്നങ്ങള്‍ ഒഴിഞ്ഞ നേരമില്ല.


(കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്) റഫ് ട്രാന്‍സിലേഷന്‍ ആയാണ് ഈ എഴുതിയിരിയ്ക്കുന്നത്.. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ലേഖനം ഇതില്‍ നിന്ന് കോപ്പി പേസ്റ്റ് ചെയ്ത് എഴുതാന്‍ കഴിവുള്ളവര്‍ മുന്നോട്ടു വരണം എന്ന് അഭ്യര്തിയ്ക്കുന്നു. ഈ ബ്ലോഗില്‍ നിന്നും മേലില്‍ എഴുതപ്പെടുന്ന എല്ലാ ഉള്ളടക്കങ്ങളും കോപി ലെഫ്റ്റ് ആയിരിയ്ക്കും. സാമൂഹ്യ പ്രാധ്യാന്യം മാനിച്ച് ആര്‍ക്കും എവിടെയും അവ കോപി ചെയ്യാവുന്നതാണ്. കടപ്പാട് വെച്ചിരുന്നാല്‍ സന്തോഷം..